സ്വയം ജോലി ചെയ്തു വരുമാനം : സ്മാർട്ട്ഫോൺ മാത്രം മതി

Thumbnail

ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു വരുമാനമില്ലാതെ വിഷമിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. സർക്കാർ ജോലിയോ പ്രൈവറ്റ് കമ്പനി ജോലിയോ ഇല്ലാതെ നിന്ന അവസ്ഥ വന്നവർക്കുവേണ്ടിയാണ് ഈ ലേഖനം. മലയാളം അറിയാവുന്നവർക്കും ഇംഗ്ലീഷ് അറിയാവുന്നവർക്കും അത്യാവശ്യം കമ്പ്യൂട്ടർ അറിയാവുന്നവർക്കും ഈ കുറിപ്പ് പ്രയോജനപ്പെടും.

കമ്പനി ജോലികൾ ഉള്ളപ്പോൾ ഈ ലേഖനത്തിന്റെ പ്രസക്തി എന്താണെന്നാണോ? 

കമ്പനിയിൽ പോയി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തവർക്കും ജോലിയിൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്കും മാത്രമുള്ള ഒരു ലേഖനമാണിത്.

കമ്പനി ജോലികൾ ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നം എന്താണ്?

ഒരു സ്വാതന്ത്ര്യം ഉണ്ടാവില്ല അല്ലേ. ഒരു ബോസ്സിന്റെ നിർദേശങ്ങൾക്കനുസരിച്ച് ജോലി ചെയ്യേണ്ടി വരും. അവധി എടുക്കാൻ അനുവാദം തേടണം. അതുമൂലം വ്യക്തിപരമായ പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. 24/7 ജോലിയാണെങ്കിൽ പിന്നെ പറയേണ്ടതില്ല. പെർഫോമൻസ് കൂട്ടാനായി പലരും നന്നായി പണിയെടുക്കും. ഇതെഴുതുന്ന ഞാനും വ്യത്യസ്ഥയൊന്നുമായിരുന്നില്ല. ഐടി ജോലിയാണെങ്കിൽ പ്രത്യേകിച്ചും സമ്മർദ്ധത്തിന് ഒരു കുറവുമുണ്ടാവില്ല. ആരോഗ്യ പ്രശ്നങ്ങൾ മറ്റൊരു വഴി പിറകേ വരും. ഒരു സമാധാനം ഉണ്ടാവില്ല എന്ന് ചുരുക്കം.

ഇതിന് എന്താണ് ഒരു പ്രതിവിധി?

സ്വയം ഒരു ജോലി കണ്ടെത്താൻ കഴിഞ്ഞാലോ. എങ്ങനെ ഒരു ജോലി കണ്ടെത്താം. അതിന് ലാപ്ടോപ്പൊക്കെ ആവശ്യമല്ലേ. ഇവിടെയാണ് നാം സ്മാർട്ട് ആവേണ്ടത്. കയ്യിൽ ഒരു സ്മാർട്ട് ഫോണുണ്ടോ? എന്തുകൊണ്ട് അതൊരു വരുമാനമാർഗമായി കണ്ടുകൂടാ? 

അതെങ്ങനെ എന്നാവും!!

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് പോലെയുള്ള സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മിലോരോരുത്തരും. സോഫ്റ്റ്സ്കിൽ ഉള്ളവർക്ക് ഇതിൽ നിന്നും ഒരു വരുമാനം കണ്ടെത്താനാകും. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്യുമ്പോൾ അത് പല പ്രശ്നങ്ങളുമുണ്ടാക്കാൻ ഇടയാകും. 

അങ്ങനെ വരുമ്പോൾ മറ്റെന്താണ് വഴി?

സ്വന്തം കഴിവുകളെ തിരിച്ചറിയണം. മലയാളം എഴുതാനും വായിക്കാനും അറിയാമോ? ഇംഗ്ലീഷോ? കമ്പ്യൂട്ടറിനെ പറ്റി എന്തറിയാം? മൈക്രോസോഫ്റ്റ് വേർഡ് പോലെയുള്ള ടൂളുകൾ ഉപയോഗിക്കാൻ അറിയാമോ? എങ്കിൽ പിന്നെ മറ്റൊന്നും നോക്കേണ്ട. സ്വയം ജോലി കണ്ടെത്താൻ തയ്യാറെടുക്കാം.

സ്വയംതൊഴിൽ കണ്ടെത്താൻ എന്ത് ചെയ്യണം?

പ്ലേസ്റ്റോറിൽ നിന്നോ ആപ്സ്റ്റോറിൽ നിന്നോ ഫ്രീലാൻസ് ചെയ്യാനുള്ള ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. നിരവധി ആപ്പുകൾ ലഭ്യമാണ്. ഫ്രീലാൻസർ, അപ്പ് വർക്ക്, ട്രൂലാൻസർ എന്നിവ അവയിൽ ചിലതാണ്. സ്വയം ജോലി ചെയ്യുമ്പോൾ ആപ്പിൽ നിന്ന് വരുമാനം കിട്ടാൻ ജിഎസ്ടി നമ്പർ നൽകേണ്ടിവരും.

ആദ്യം ആപ്പിൽ രജിസ്റ്റർ ചെയ്യണം. 

ഓരോ ആപ്പിലും പ്രൊഫൈൽ പേജ് ഉണ്ടായിരിക്കും. പ്രൊഫൈൽ പേജിൽ സ്വന്തം വിവരങ്ങളെല്ലാം കൊടുക്കുക.

എന്താണ് പഠിച്ചത്, എവിടെയാണ് പഠിച്ചത്, ഓരോന്നിന്റെയും സ്കോർ വിവരങ്ങൾ, എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ, എവിടെയാണ് ജോലി ചെയ്തത്, എന്തെല്ലാം ജോലിയാണ് ചെയ്തത്, കഴിവുകൾ എന്തൊക്കെയാണ്, ഓരോ കഴിവിലും എത്ര നാളത്തെ എക്സ്പീരിയൻസ് ഉണ്ട് എന്ന് തുടങ്ങി ആവശ്യമായ വിവരങ്ങൾ നൽകുക.

ഇങ്ങനെ ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഇപ്പറയുന്നവയാണ്. ചുരുങ്ങിയ വാക്കുകളിൽ സ്വയം ഒരു ആമുഖം കൊടുക്കേണ്ടതുണ്ട്. സ്വയം എന്ന് പറയുമ്പോൾ വ്യക്തിപരമായ കാര്യങ്ങളല്ല, ജോലി സംബന്ധമായ കാര്യങ്ങൾ.

പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തുകഴിയുമ്പോൾ ആപ്പിന്റെ ഡാഷ് ബോർഡ് പേജിൽ കഴിവുകൾക്ക് മാച്ച് ആവുന്ന ജോബുകൾ വരുന്നതാണ്.

ഓരോ ജോബും വായിച്ചു നോക്കി ആവശ്യമായ ജോബ് തിരഞ്ഞെടുക്കണം. 

ഓരോ ജോബിലും അത് പോസ്റ്റ് ചെയ്ത ക്ലയന്റ് ജോബിനെ പറ്റി വിവരിച്ചിട്ടുണ്ടാവും. അതോടൊപ്പം തന്നെ ജോബിന്റെ പേമെന്റ് വിവരങ്ങളും കാണും. 

ജോലിയും പേമെന്റും സമയവും ഒത്തു വന്നാൽ അപ്ലൈ ചെയ്യാവുന്നതാണ്.

അപ്ലൈ ചെയ്യുന്ന എല്ലാ ജോബും കിട്ടണമെന്നില്ല. ആപ്പിൽ ഒരു ഫ്രീ യൂസറായിട്ടാണ് രജിസ്റ്റർ ചെയ്തതെങ്കിൽ വളരെ കുറച്ചു ജോലികൾ മാത്രമേ ഡാഷ്ബോർഡിൽ വരൂ. പേമെന്റ് ചെയ്തു രജിസ്റ്റർ ചെയ്താൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. ഒരു ക്ലയന്റ് സമീപിക്കുമ്പോൾ എല്ലാ നിബന്ധനകളും വ്യക്തമായി മുൻകൂട്ടി സംസാരിക്കണം. നിബന്ധനകൾ എന്ന് പറയുമ്പോൾ വർക്ക് എങ്ങനെ എപ്പോൾ പൂർത്തിയാക്കി നൽകും, പേമെന്റ് തുടങ്ങിയ കാര്യങ്ങൾ.

ഒരു വിഭാഗം, ആപ്പിനു പുറത്ത് വർക്ക് തരുന്നവരാണ്. ആപ്പ് മുഖേന വർക്ക് ചെയ്യുമ്പോൾ എല്ലാം ട്രാക്കിംഗ് ആയിരിക്കും. അതൊരുതരത്തിൽ സുരക്ഷിതമാണ്. മറ്റൊരുതരത്തിൽ ദോഷമാണ്. കാരണം, പേമെന്റ് വരുമ്പോൾ പൂർത്തിയാക്കിയ വർക്കിന്റെ പേമെന്റിൽ നിന്നും അല്പം പണം ആപ്പ് തന്നെ പിൻവലിക്കാറുണ്ട്. വിശ്വസ്തരായ കസ്റ്റമർ അഥവാ ക്ലയന്റ് ആണെങ്കിൽ ആപ്പിന് പുറത്ത് വർക്ക് ചെയ്തു കൊടുക്കാം.

ആശയവിനിമയം നടത്താൻ

ആപ്പിൽ ആശയവിനിമയം നടത്താൻ മെസഞ്ചർ ഉണ്ടാവും. ആപ്പിന് പുറത്ത് ആശയവിനിമയം ചെയ്യാൻ ജിമെയിൽ, സ്കൈപ്പ്, ഗൂഗിൾമീറ്റ്, സൂം, ജിറ്റ്സി, ജോയിൻമി പോലെയുള്ള ആപ്പുകൾ ഉപയോഗിക്കാം. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയവയും ഉപയോഗിച്ചു കാണുന്നു. ആപ്പിനു പുറത്ത് വർക്ക് ചെയ്യുമ്പോൾ ആദ്യം ചെറിയ ജോലികൾ മാത്രം കണ്ടെത്തി ചെയ്തു തുടങ്ങണം. പേമെന്റ് കിട്ടിയാൽ മാത്രം മുൻപോട്ടു പോകാം.

ബയോഡേറ്റ അഥവാ റെസ്യൂം 

ജോലി കണ്ടെത്താൻ ബയോഡേറ്റ ആവശ്യമാണ്. അത്യാവശ്യം നിലവാരമുള്ള റെസ്യൂം നിർമ്മിക്കാൻ സ്മാർട്ട്ഫോൺ ആപ്പുകളെ ആശ്രയിക്കാം.ഉദാഹരണം, റെസ്യൂം ബിൽഡർ. ആപ്പിൽ ആവശ്യമായ വിവരങ്ങൾ നൽകി ഒരു ഫോർമാറ്റ് തിരഞ്ഞെടുത്താൽ ആപ്പ് തന്നെ പിഡിഎഫ് രൂപത്തിലോ മറ്റോ ബയോഡേറ്റ ചെയ്തുതരും.

പോർട്ട്ഫോളിയോ

ബയോഡേറ്റയോടൊപ്പം തന്നെ സ്വന്തം കഴിവുകളെ ഡിജിറ്റലായി അവതരിപ്പിക്കുവാനാണ് പോർട്ട്ഫോളിയോ. പോർട്ട്ഫോളിയോ തയ്യാറാക്കാൻ ലിങ്ക്ഡ്ഇൻ, വേർഡ്പ്രസ് പോലെയുള്ള ആപ്പുകൾ ഉപയോഗിക്കാം. ലിങ്ക്ഡ്ഇൻ ഉപയോഗിച്ചാൽ നിരവധി ജോലികൾ ലഭിക്കുവാനും അപേക്ഷിക്കുവാനും എളുപ്പമാണ്.

ജോലികൾ എവിടെ സൂക്ഷിക്കണം

ഫോണിൽ ഫയലുകൾ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. ഫോൺ പ്രവർത്തനരഹിതമായാൽ ചെയ്ത ജോലികൾ നഷ്ടമാവാനുള്ള സാധ്യതയുണ്ട്. എപ്പോഴും ഗൂഗിൾ ഡ്രൈവ് പോലെയുള്ള ആപ്പുകളിൽ ഫയലുകൾ സേവ് ചെയ്യണം. ഒരു ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ എല്ലാ ഫയലുകളും എവിടെ നിന്നും ഓപ്പൺ ചെയ്തുപയോഗിക്കാൻ കഴിയും.

ജോലി സമയം എങ്ങനെ ട്രാക്ക് ചെയ്യാം

സാധാരണ ഓഫീസ് ജോലിയല്ലാത്തതുകൊണ്ടുതന്നെ ജോലി സമയം റെക്കോർഡ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനായി ക്ലോക്കിഫൈ പോലെയുള്ള ഒട്ടനവധി ആപ്പുകൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഉണ്ടായിരിക്കും.

വരുമാനം എങ്ങനെ നിരീക്ഷിക്കാം?

ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ പരമപ്രധാനമായ മറ്റൊരു കാര്യമാണ് വരുമാനം നിരീക്ഷിക്കുക എന്നത്. ഇതിനായി പേവൈസ് പോലെയുള്ള ഒട്ടനവധി ആപ്പുകളും ലഭ്യമാണ്.

എഐയുടെ ഉപയോഗം 

ജോലി എളുപ്പമാക്കാൻ എഐ ഉപയോഗിക്കാം. മറിച്ച്, ജോലി ചെയ്യാൻ തന്നെ എഐ ഉപയോഗിക്കുന്നതിൽ അർത്ഥമില്ല. ചെയ്യുന്ന കാര്യങ്ങൾ യാന്ത്രികമാവാൻ പാടില്ല.

വരുമാനം എങ്ങനെ ലഭിക്കും?

ബാങ്ക് ട്രാൻസ്ഫർ, ഗൂഗിൾപേ, ഫോൺപേ, പേപാൽ, വെസ്റ്റേൺ യൂണിയൻ തുടങ്ങി അനവധി ഓപ്ഷനുകൾ ഉണ്ടായിരിക്കും.

കമ്പനി ജോലിയും സ്മാർട്ട് ഫോൺ ജോലിയും : ഒരു താരതമ്യം

കമ്പനി ജോലികളിൽ പ്രതിമാസ വരുമാനമായിരിക്കും. ഫ്രീലാൻസ് ചെയ്യുമ്പോൾ പ്രതിദിനം, ആഴ്ചതോറും, പ്രതിമാസം എന്നിങ്ങനെ അനവധി മാർഗങ്ങളുണ്ട്.

കമ്പനി ജോലികളിൽ സ്ഥിര വരുമാനം ഉണ്ടാകും. ഫ്രീലാൻസ് വരുമാനം ഏറിയും കുറഞ്ഞുമിരിക്കും. 

ഡേറ്റാ കളക്ഷൻ ജോലികൾ

ക്ലയന്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും ശേഖരിച്ച് ആവശ്യപ്പെടുന്ന രൂപത്തിൽ നൽകണം. ഇതിനായി മൈക്രോസോഫ്റ്റിന്റെയും, ഗൂഗിളിന്റെയും ആപ്പുകൾ പ്രയോജനപ്പെടുത്താം. ടേബിൾ രൂപത്തിൽ ഡേറ്റ കൈകാര്യം ചെയ്യാൻ ഗൂഗിൾ ഷീറ്റ് ഉപയോഗിക്കാവുന്നതാണ്. ലൈവ് ആയി വർക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഗൂഗിൾ ആപ്പുകളുടെ സുപ്രധാനമായ ഒരുപയോഗം.

ട്രാൻസ്ലേഷൻ ജോലികൾ

മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും എന്ന് തുടങ്ങി അറിയാവുന്ന ഭാഷകളിൽ ട്രാൻസ്ലേഷൻ ചെയ്ത് സ്മാർട്ട് ഫോൺ വഴി വരുമാനം കണ്ടെത്താം. കസ്റ്റമറിന്റെ ആവശ്യമനുസരിച്ച് ജോലി ചെയ്തു കൊടുക്കാൻ കഴിയണമെന്നു മാത്രം. ആവശ്യമെങ്കിൽ മാത്രം ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ സഹായം തേടാം.

ടൈപ്പിംഗ് ജോലികൾ

മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് ടൈപ്പിംഗ് ചെയ്തു വരുമാനം കണ്ടെത്താം. ഗൂഗിൾ ആപ്പുകളും ഉപയോഗിക്കാം. വേറെയും ഒട്ടേറെ ആപ്പുകൾ ലഭ്യമാണ്. നൂതന സാങ്കേതികവിദ്യ കണ്ടെത്താനും അവ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാനുമുള്ള ജിജ്ഞാസയാണ് പ്രധാനം. അങ്ങനെ വരുമ്പോൾ സ്വയം വളരാനും ലോകത്തിനൊപ്പം മുൻപോട്ട് സഞ്ചരിക്കാനും കഴിയും.

കസ്റ്റമർ തരുന്ന ചിത്രങ്ങളോ ഓഡിയോ അല്ലെങ്കിൽ വീഡിയോ ക്ലിപ്പുകളോ കൃത്യമായി വേഗത്തിൽ ടൈപ്പ് ചെയ്ത് നൽകുകയാണ് ലക്ഷ്യം. ഒരു വാക്കിന് റേറ്റ് ഉറപ്പിച്ചു വേണം ടൈപ്പിംഗ് വർക്ക് എടുക്കേണ്ടത്. ഫ്രീലാൻസ് സ്റ്റാൻഡേർഡ് അനുസരിച്ച് ബയോഡേറ്റ താരതമ്യം ചെയ്ത് റേറ്റ് ഉറപ്പിക്കാം.

എഴുതാൻ അറിയാവുന്നവരാണോ?

മലയാളമോ ഇംഗ്ലീഷോ ഏതു ഭാഷയും ആയിക്കോട്ടെ. ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോർ ഓപ്പൺ ചെയ്യുക. ഐഫോണിൽ ആപ് സ്റ്റോർ ഓപ്പൺ ചെയ്യാം. ഗൂഗിൾ ഡോക്സ് സെർച്ച്ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.

എഴുതുന്ന ജോലികൾ എങ്ങനെ ചെയ്യണം?

കസ്റ്റമർ എഴുതാനായി വിഷയം തരും. എത്ര വാക്കുകൾ, ഒരു വാക്കിന് റേറ്റ് എത്ര, സബ്മിറ്റ് ചെയ്യേണ്ടത് എപ്പോൾ തുടങ്ങിയ വിവരങ്ങൾ പറഞ്ഞിരിക്കും. സ്വന്തമായി വിഷയം തിരഞ്ഞെടുക്കാനും ഒരു ചില പ്രസിദ്ധീകരണങ്ങൾ അനുവദിക്കാറുണ്ട്. സ്വയം പരിജ്ഞാനം ഉള്ള വിഷയത്തെപ്പറ്റി എഴുതുന്നതാണ് അത്യുത്തമം. സ്വന്തം ശൈലിയിൽ എഴുതുമ്പോൾ കൂടുതൽ വായനക്കാരെ ആഘർഷിക്കാം. ഇന്റർനെറ്റിൽ നിന്നും അതേപടി പകർത്താൻ പാടില്ല എന്ന് ചുരുക്കം. പുതിയ വിഷയമാണെങ്കിൽപ്പോലും വായിച്ചു മനസ്സിലാക്കിയ വസ്തുതകൾ വേണം സ്വന്തം വാക്കുകളിൽ പകർത്താൻ.

മലയാളത്തിൽ എഴുതാൻ

മംഗ്ലീഷ് കീബോർഡ് പോലെയുള്ള ഏതെങ്കിലും മലയാളം കീബോർഡുകൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാം. പറഞ്ഞുകൊടുത്താൽ ടൈപ്പ് ചെയ്യുന്ന കീബോർഡുകളും ഉണ്ട്. സ്വന്തം സമയം മനസ്സിലാക്കി ആവശ്യമായ കീബോർഡ് തിരഞ്ഞെടുക്കാം. മലയാളത്തിൽ എഴുതുമ്പോൾ ഭാഷയും ശൈലിയും ശ്രദ്ധിക്കണം.

ഇംഗ്ലീഷിൽ എഴുതാൻ

സ്പെല്ലിങും ഗ്രാമറും എഴുതുമ്പോൾ തന്നെ ചെക്ക് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ഒരു കീബോർഡ് ഇൻസ്റ്റോൾ ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് തെറ്റുകൾ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കും.

സോഫ്റ്റ്‌വെയർ ജോലികൾ ചെയ്യുന്നതെങ്ങനെ?

കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് എന്നിവ അറിയാവുന്നവർക്ക് സ്വന്തമായി ജോലി കണ്ടെത്തി ചെയ്യാവുന്നതാണ്. സോഫ്റ്റ്‌വെയർ ജോലികൾ ആയതുകൊണ്ട് തന്നെ വിദേശത്തുനിന്നും പ്രോജക്ടുകൾ ലഭിക്കും. സോഫ്റ്റ്‌വെയർ മേഖലയെന്നല്ല, എല്ലാ മേഖലകളിൽ നിന്നും നല്ല വരുമാനമുള്ള ജോലികൾ വിദേശത്തുനിന്നും ലഭിക്കും. ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറാണെങ്കിൽ പ്രോഗ്രാമിംഗ് പ്രോജക്ടുകൾ എടുക്കാവുന്നതാണ്. മറിച്ച്, സോഫ്റ്റ്‌വെയർ ടെസ്റ്ററാണെങ്കിൽ ടെസ്റ്റിംഗ് ജോലികൾ കണ്ടെത്തണം.

സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗിന് നിരവധി ആപ്പുകൾ സ്മാർട്ട് ഫോണിൽ ഇൻസ്റ്റോൾ ചെയ്യാം. എച്ച്ടിഎംഎൽ, സിഎസ്എസ്, ജെഎസ് തുടങ്ങി എല്ലാ ഫ്രെയിംവർക്കുകൾക്കും ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്സ്റ്റോറിൽ നിന്നോ കണ്ടെത്താം. സോഫ്റ്റ്‌വെയർ ടെസ്റ്റിംഗിന് ആപ്പുകളും സൈറ്റുകളും ഉണ്ട്. ടെസ്റ്റിംഗിൽ ബഗ്ഗുകൾ റെക്കോർഡ് ചെയ്യാൻ ‘ജിര’’ പോലെയുള്ള ആപ്പുകൾ കാണാം.

ഫ്രീലാൻസിങ്ങിലെ വെല്ലുവിളികൾ 

സ്വയം ബോസായിരിക്കാനും ജോലിയിൽ സ്വാതന്ത്ര്യമുണ്ടാകുവാനും ഫ്രീലാൻസിംഗ് നല്ലതാണെങ്കിലും അവിടെയും വെല്ലുവിളികളില്ലാതെയില്ല. ആയതുകൊണ്ട് തന്നെ പരാജയപ്പെട്ടു പോകാനുള്ള സാധ്യതകൾ ഏറെയാണ്. ഈ വെല്ലുവിളികളെ മനസ്സിലാക്കി മുന്നോട്ടുപോകേണ്ടതുണ്ട്.

അസ്ഥിര വരുമാനം

ഒരു സ്ഥിര വരുമാനമില്ലായ്മയാണ് ഈ മേഖലയിലെ സുപ്രധാന വെല്ലുവിളി.

പ്രതിമാസം ഒരു നിശ്ചിത തുക സമ്പാദിക്കാനാവില്ല എന്ന് ചുരുക്കം. എന്നാലിത് ഫ്രീലാൻസറിനെയും ക്ലയന്റിനെയും ആശ്രയിച്ചിരിക്കും. കഴിവുറ്റ ഒരു ഫ്രീലാൻസറും ജോലിയുടെ നിലവാരമനുസരിച്ച് പേമെന്റ് ചെയ്യുന്ന ഒരു ക്ലയന്റുമാണെങ്കിൽ ദീർഘകാല ജോലി സാധ്യതയുണ്ടാവും. ചില മാസങ്ങൾ ധാരാളം പ്രോജക്ടും വരുമാനവും നേടി തന്നേക്കാം. അതേസമയം മറ്റു ചില മാസങ്ങളിൽ പ്രോജക്ടുകൾ ഇല്ലാതെയും വരും.

ഇതു മറികടക്കാൻ ശരിയായ ഒരു ബഡ്ജറ്റ് പ്ലാൻ വേണം. പ്രത്യേകിച്ചും എമർജൻസി ഫണ്ട് കരുതിയിട്ടുണ്ടാവണം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്മർദ്ദങ്ങളെ മറികടക്കാം.

ഉടമ്പടി അഥവാ കോൺട്രാക്ട്

ഒരു ഉടമ്പടിയില്ലാതെ വിശ്വാസത്തിലൂന്നി ജോലി ചെയ്യേണ്ട സാഹചര്യങ്ങൾ വന്നേക്കാം. ചെയ്യുന്ന ജോലികൾ പരിഗണിക്കപ്പെടാതെ വരാറുണ്ട്. ആയതിനാൽ ആപ്പുകളിൽ രജിസ്റ്റർ ചെയ്തു ജോലി ചെയ്യുന്നതാണ് സുരക്ഷിതം.

ഒറ്റപ്പെടൽ

തനിയെ ജോലി ചെയ്യുമ്പോൾ ഒറ്റപ്പെടലുണ്ടാവാനുള്ള സാധ്യതകളേറെയാണ്. പരസഹായം ഇല്ലാതെ സ്വന്തം നിലയിൽ ജോലി ചെയ്യേണ്ടിവരും. ഈ വെല്ലുവിളിയെ അതിജീവിക്കാൻ കഴിയുന്നവർക്കേ ഈ മേഖലയിൽ തുടരാനാവൂ. പിന്തുണയ്ക്കായി കുടുംബത്തെയും സൗഹൃദങ്ങളെയും ആശ്രയിക്കാം. ജോലി സംബന്ധമായ അനവധി കൂട്ടായ്മകളെയും നിലനിർത്തി കൊണ്ടു പോകേണ്ടതുണ്ട്. Quora, Reddit, Stackoverflow തുടങ്ങിയവ. കടന്നുവരുന്ന സാഹചര്യങ്ങളിൽ നിന്നും പരിചയപ്പെടുന്ന വ്യക്തികളിൽ നിന്നും പഠിക്കുകയെന്നത് പരമപ്രധാനമാണ്. 

സമയ ക്രമീകരണം

കമ്പനിയിൽ മിനിമം സമയം ഹാജറുണ്ടെങ്കിൽ അന്നത്തെ ശമ്പളം ഉറപ്പാണ്. എന്നാൽ ഫ്രീലാൻസ് ചെയ്യുമ്പോൾ ജോലി സമയം പൂർണ്ണമായും വിനിയോഗിക്കേണ്ടതുണ്ട്. എത്രമാത്രം ജോലി ചെയ്യുന്നുവോ അത്രയും അറിവും വരുമാനവും വർദ്ധിക്കും. സമ്മർദ്ദങ്ങളില്ലാതെ ജോലിയോടൊപ്പം വ്യക്തിജീവിതം സന്തുലിതമാക്കാൻ സമയ ക്രമീകരണം ഉപകരിക്കും.

ക്ലയന്റ് മാനേജ്മെന്റ് 

ആശയവിനിമയത്തിൽ വരുന്ന അപാകതകൾ, അപ്രതീക്ഷിത സാഹചര്യങ്ങൾ, വൈകി വരുന്ന വരുമാനം എന്നിവയും മറ്റൊരു കടമ്പയാണ്. ദീർഘകാല അടിസ്ഥാനത്തിൽ ശരിയായ ക്ലയന്റ് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുമ്പോൾ എത്രയും പെട്ടെന്ന് ശരിയായ രീതിയിൽ പരിഹരിച്ചു കൊണ്ടു പോകണം.

ചാർജുകൾ കുറയ്ക്കുന്നതും കൂട്ടുന്നതും

ചാർജുകൾ കുറച്ച് ജോലികൾ നേടിയെടുക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിൽ ഒരർത്ഥവുമില്ല. നിലനിൽപ്പിനെ ബാധിക്കാത്ത തരത്തിൽ സ്വന്തം കഴിവിനും മുൻ പരിചയത്തിനുമനുസരിച്ച് ചാർജുകൾ നിശ്ചയിക്കേണ്ടതുണ്ട്. ഗവേഷണം നടത്തി ഫ്രീലാൻസ് നിലവാരമനുസരിച്ച് ചാർജുകൾ ക്രമീകരിക്കണം.

സുരക്ഷയും സ്വകാര്യതയും : ചില പൊടിക്കൈകൾ 

വ്യക്തിപരമായ കാര്യങ്ങൾ

ഡിജിറ്റൽ യുഗത്തിൽ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നമാണ് പ്രൈവസി. ബയോഡേറ്റ ഷെയർ ചെയ്യുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.

പാസ്സ്‌വേർഡ് 

ഡിജിറ്റലായി ഷെയർ ചെയ്യുന്ന വിവരങ്ങൾക്ക് സങ്കീർണമായ പാസ്‌വേഡ് സെറ്റ് ചെയ്യേണ്ടതുണ്ട്. കുറഞ്ഞത് 12 അക്ഷരങ്ങൾ ഉണ്ടാവണം. ക്യാപ്പിറ്റൽ ലെറ്ററുകൾ, സ്മോൾ ലെറ്ററുകൾ, നമ്പറുകൾ സിംബലുകൾ എന്നിവയുണ്ടാവണം. മറ്റുള്ളവർക്ക് ഊഹിച്ചെടുക്കാൻ കഴിയാത്ത തരം പാസ്സ്‌വേർഡ് സെറ്റ് ചെയ്യണം. ഒരേ പാസ്സ്‌വേർഡ് എല്ലായിടത്തും ഉപയോഗിക്കാൻ പാടില്ല.

2FA - 2 ഫാക്ടർ അതെന്റിക്കേഷൻ

2FA അഥവാ രണ്ടു തരത്തിലുള്ള ഡിജിറ്റൽ സുരക്ഷ. പാസ്സ്‌വേർഡിനു പുറമേ ഓടിപി, സ്ക്രീൻ ലോക്ക് പാറ്റേൺ തുടങ്ങിയവ സെറ്റ് ചെയ്യുന്നതിലൂടെ അധിക സുരക്ഷ ഉറപ്പാക്കാൻ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ ലോഗിൻ ചെയ്യാൻ സമയമെടുത്താലും ഹാക്കിങ്ങുകളെ ഒരു പരിധി വരെ അതിജീവിക്കാൻ കഴിയും.

വൈഫൈ : ജാഗ്രത

ഫ്രീലാൻസ് ചെയ്യുമ്പോൾ ദുർബലമായ വൈഫൈ നെറ്റ് വർക്കുകൾ ധാരാളമായി ഉപയോഗിച്ചു കാണുന്നു. സെൻസിറ്റീവ് ആയ വിവരങ്ങളും ക്യാഷ് ട്രാൻസ്ഫറുകളും പബ്ലിക് വൈഫൈ ഉപയോഗിച്ച് നടത്തരുത്. വി പി എൻ ഉപയോഗിക്കുന്നതാണ് അത്യുത്തമം. വിപിഎൻ വിവരങ്ങളെ എൻക്രിപ്റ്റ് ചെയ്യുന്നതിനാൽ ഹാക്കേഴ്സിന് വിവരങ്ങൾ വായിച്ചെടുക്കാൻ പ്രയാസമായിരിക്കും.

ആശയവിനിമയവും വ്യക്തിപരമായ വിവരങ്ങളും

വിലാസം, പേഴ്സണൽ ഈമെയിൽ, ഫോൺ നമ്പർ തുടങ്ങിയവ ആവശ്യമെങ്കിൽ മാത്രം ഷെയർ ചെയ്യുക.  

വെബ്സൈറ്റുകളിലെ പ്രൈവസി സെറ്റിങ്ങുകൾ

ഒട്ടനവധി വെബ്സൈറ്റുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ ഈ വെബ്സൈറ്റുകളിലെ വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ജോലിക്ക് ആവശ്യമായ വിവരങ്ങൾ മാത്രമേ ഷെയർ ചെയ്യേണ്ടതുള്ളൂ. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിൽ ഷെയർ ചെയ്യുന്ന പോലെ വ്യക്തിപരമായ വിവരങ്ങൾ ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

സുരക്ഷിതമായ പേമെന്റ് രീതികൾ

പേപാൽ, സ്ട്രൈപ്പ്, ബാങ്ക് ട്രാൻസ്ഫർ എന്നിവ സുരക്ഷിതമാണ്. ബാങ്ക് വിവരങ്ങൾ ഇമെയിൽ വഴിയോ വാട്സ്ആപ്പ് വഴിയോ മറ്റോ നേരിട്ട് ഷെയർ ചെയ്യാതെ ഒരു ടെക്സ്റ്റ് ഫയലായി ഷെയർ ചെയ്യുന്നത് നന്നായിരിക്കും.

സോഫ്റ്റ്‌വെയർ അപ്ഡേറ്റ് : ഫോണും ആപ്പുകളും

കാലപ്പഴക്കം ചെന്ന സോഫ്റ്റ്‌വെയറുകൾ ദുർബലമാണ്. ഫോണിലെ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ചെയ്യേണ്ടതുണ്ട്. ആന്റിവൈറസ് അപ്ഡേറ്റ് ചെയ്യുന്നത് നല്ലതാണ്.

ഓൺലൈൻ തട്ടിപ്പുകൾ

ഈമെയിൽ, മെസ്സേജ് എന്നിവ വഴി ശരിയെന്ന് തോന്നിപ്പിക്കുന്ന നിരവധി അവസരങ്ങൾ വരാറുണ്ട്. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും മുൻപ് ഒരു നിമിഷം ചിന്തിക്കുക. സുരക്ഷിതമായ ആപ്പുകൾ തന്നെ വൈറസുകളെ പറ്റി മുന്നറിയിപ്പ് തരാറുണ്ട്. ഈ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക.

വളരെ അടിസ്ഥാനമായ ചില കാര്യങ്ങൾ മാത്രമാണ് ഈ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ഒരു സ്മാർട്ട്ഫോൺ മാത്രം ഉപയോഗിച്ച് സ്വയം വരുമാനം കണ്ടെത്താൻ നിരവധി മാർഗ്ഗങ്ങൾ ഇനിയുമുണ്ട്. സ്മാർട്ട്ഫോൺ കയ്യിലുള്ളപ്പോൾ ജോലിയില്ല എന്ന് പറയുന്നതിന് പകരം ഇനിമുതൽ സ്വയംതൊഴിൽ എങ്ങനെ കണ്ടെത്താം എന്ന് ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു…

Popular posts from this blog

How To Create A Responsive Website With HTML & CSS

Responsive Website Examples

On Campus Placement Experience