ഫ്രീലാൻസിങ്

പ്രൊഫഷണൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായ ഞാൻ വ്യക്തിപരമായ സാഹചര്യങ്ങളാൽ അപ്രതീക്ഷിതമായി ഫ്രീലാൻസിംഗ് തുടങ്ങുകയായിരുന്നു. ഫ്രീലാൻസിംഗിലൂടെ സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റിനു പുറമേ വിവിധ ടെക്നിക്കൽ സ്കില്ലുകൾ നേടാൻ കഴിഞ്ഞു. പ്രത്യേകിച്ച്, ഇംഗ്ലീഷിലും എന്റെ മാതൃഭാഷയായ മലയാളത്തിലും എഴുതാനുള്ള കഴിവ് മെച്ചപ്പെട്ടത് ഞാൻ തിരിച്ചറിഞ്ഞു.
തിരിഞ്ഞു നോക്കുമ്പോൾ, കുട്ടിക്കാലം മുതൽതന്നെ വായനയും എഴുത്തും എന്റെ ജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു എന്ന് ഞാനിപ്പോളോർത്തെടുക്കുന്നു. ബാലരാമ, ബാലഭൂമി, ഡൈജസ്റ്റ്, ബാലമംഗളം തുടങ്ങിയ കുട്ടികളുടെ മലയാളം പുസ്തകങ്ങൾ ഞാൻ സ്ഥിരമായി വായിച്ചിരുന്നു. ഒരു ലക്കം പോലും വിട്ടുപോകുന്നത് എനിക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അതിനായി എന്റെ നാട്ടിലെ ന്യൂസ് പേപ്പർ ഏജന്റിനെ മുടങ്ങാതെ പിന്തുടരുമായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും ഈ പുസ്തകങ്ങൾ എന്നോടൊപ്പംതന്നെയുണ്ടാവും. പുസ്തകങ്ങൾ വീട്ടിൽ കുന്നുകൂടി. ആരെങ്കിലും ചോദിച്ചാൽ കൊടുക്കാൻ ചെറിയ വിഷമം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. കാരണം, ഞാൻ പലരോടും ചോദിച്ചപ്പോൾ ആരും എനിക്ക് വായിക്കാൻ തന്നിരുന്നില്ല.
സ്കൂൾ ലൈബ്രറിയിൽ നിന്നും വായനശാലയിൽ നിന്നും പുസ്തകങ്ങൾ വാങ്ങി വായിക്കുമായിരുന്നു. കൂടാതെ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ മൂന്ന് ഭാഷകളിൽ ഡയറി എഴുതുന്നതും എന്റെ മറ്റൊരു ശീലമായിരുന്നു. ഡിസി ബുക്സിൽ നിന്നും ഒരു പ്രമുഖ വ്യക്തിയുടെ ആത്മകഥ പുസ്തകം വാങ്ങി വായിച്ചതും ഓർമയിലുണ്ട്. ഓൺലൈൻ റീഡിങ് പിന്നീട് പതിവായി.
ഫ്രീലാൻസിംഗ് എന്നെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായും എഴുത്തുകാരിയായും ഡാറ്റ & ഭാഷാ വിദഗ്ധയായും വളരാൻ സഹായിച്ചു. ഉയർന്ന വരുമാനത്തിലുപരി വ്യത്യസ്ത അറിവാണ് ഓരോ ഫീൽഡും നൽകുന്നത്.
സാമ്പത്തിക സ്ഥിരത പ്രധാനമാണ്, എന്നാൽ ആത്മസംതൃപ്തിയും ആത്മമൂല്യവും അതിനേക്കാൾ പ്രധാനമാണ്. കമ്പനിയിലെ ശമ്പള വർധന പ്രക്രിയയ്ക്കിടെ എന്റെ വാല്യൂ എന്ത് എന്ന ചിന്ത എപ്പോഴും മനസ്സിനെ അലട്ടിയിരുന്നു. അതേസമയം സ്‌ട്രെയിൻ ചെയ്ത് ആരോഗ്യം നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, എന്റെ പരിശ്രമം അംഗീകരിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായിരുന്നു.
ഫ്രീലാൻസിംഗ് ആരംഭിച്ചപ്പോൾ, സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ടെക്നിക്കൽ റൈറ്റിംഗ്, റിവ്യൂ എഴുത്ത്, ഡാറ്റ ശേഖരണം, ഡാറ്റ എൻട്രി, ട്രാൻസ്ലേഷൻ , ട്രാൻസ്‌ക്രിപ്ഷൻ, പ്രൂഫ്‌റീഡിംഗ്, ലോഗോ ഡിസൈൻ, വിർച്വൽ അസിസ്റ്റൻസ് തുടങ്ങിയ വിവിധ മേഖലകളിൽ ചെറിയ നിരക്കിൽ സേവനം നൽകുകയായിരുന്നു. പിന്നീട് ചാർജുകൾ മേഖലയും എക്സ്പീരിയൻസും പരിഗണിച്ചു വർദ്ധിപ്പിച്ചു.
വിവിധ ക്ലയന്റുകൾക്കൊപ്പം ജോലി ചെയ്യുന്നത് വെല്ലുവിളിതന്നെയാണ്, അതേസമയം അതിനൊരു പ്രത്യേക സംതൃപ്തിയുമുണ്. വ്യത്യസ്ത കാഴ്ചപ്പാടുകളിൽ നിന്ന് പുതിയ അറിവുകൾ നേടാൻ കഴിയുന്നതാണ് പ്രധാനം.
ഫ്രീലാൻസിംഗ് പ്രൊഫഷണലായും സാമ്പത്തികമായും എന്റെ വാല്യൂ സ്വയം തീരുമാനിക്കാൻ സഹായിച്ചു. ജോലിയും ജീവിതവും ബാലൻസ് ചെയ്യുന്നതിനുപുറമെ, ബേസിക് കമ്പ്യൂട്ടർ അറിയാവുന്നവർക്ക് അത്യാവശ്യം വരുമാനം നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു ബിസിനസ് സ്ഥാപിക്കുകയാണ് എന്റെ ലക്ഷ്യം. ദിവസേന, അല്ലെങ്കിൽ ആഴ്ചകളിലോ, മാസങ്ങളിലോ വരുമാനം നേടാനാഗ്രഹിക്കുന്ന സാധാരണക്കാർക്ക് അവസരങ്ങളൊരുക്കാനും ആലോചിച്ചുവരുന്നു.